കുടുംബ കൂട്ടായ്മ

കത്തോലിക്കാ സഭയുടെ പരമപ്രധാനമായ അടിസ്ഥാന ഘടകം കുടുംബങ്ങളാണെന്ന ഉത്തമബോദ്ധ്യത്തില്‍, അവയെ ഒറ്റക്കെട്ടായി നിലനിര്‍ത്തണം എന്ന വ്യക്തമായ കാഴ്ചപ്പാടോടെ, 1970 കളില്‍ അന്നത്തെ തൃശ്ശൂര്‍ രൂപതയുടെ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ ജോസഫ് കുണ്ടുകുളം പിതാവ് രൂപതാ മെത്രാസന മന്ദിരം കേന്ദ്രീകരിച്ച് കുടുംബകൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു. പിതാവ് തുടങ്ങിവച്ച മാതൃക, രൂപതയിലെ ബഹു. വൈദികരും ഇടവക ജനങ്ങളും പൂര്‍ണ്ണ മനസ്സോടെ തന്നെ നെഞ്ചോടു ചേര്‍ക്കുകയും ആവേശപൂര്‍വ്വം നടപ്പില്‍ വരുത്തുകയും ചെയ്തു എന്നതിനു ചരിത്രം സാക്ഷി.

ഭാവിയിലെ സുവിശേഷ വല്‍ക്കരണം ഗാര്‍ഹിക സഭയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്ന് വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞുവെക്കുന്നതിനു മുമ്പേ തന്നെ ഈ ആശയത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്ന കുണ്ടുകുളം പിതാവ് കുടുംബപ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി 1979 ല്‍ ഫാമിലി അപ്പൊസ്റ്റൊലേറ്റ് സെന്‍റര്‍ സ്ഥാപിച്ചു. അഭിവന്ദ്യ കുണ്ടുകുളം പിതാവിനുശേഷം മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്‍റെ സൗമ്യവും മൃദുലവുമായ ശൈലി കുടുംബ കൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ദിശാബോധവും വളര്‍ച്ചയും നല്‍കി. തുടര്‍ന്ന്, അഭിവന്ദ്യ ആന്‍ഡ്രൂസ് താഴത്ത് പിതാവ് ഒരു പടി കൂടി കടന്ന് കുടുംബകൂട്ടായ്മകള്‍ ഇടവകയുടെ നട്ടെല്ലാണ് എന്ന ഉത്തമബോദ്ധ്യത്തില്‍, ഇടവക കുടുംബകൂട്ടായ്മയുടെ പ്രസക്തി വിപുലപ്പെടുത്തുന്നതിനായി ഭവനകൂട്ടായ്മകളും കുട്ടി കൂട്ടായ്മകളും രൂപീകരിച്ചു. അംഗങ്ങള്‍ തമ്മിലും കുട്ടികള്‍ക്കിടയിലും കൂടുതല്‍ ഈടുറ്റ ബന്ധങ്ങള്‍ വളര്‍ത്തുകയും അവരെ സഭാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നവരാക്കി മാറ്റുകയുമായിരുന്നു ഇത്തരം കൂട്ടായ്മകളിലൂടെ പിതാവ് ലക്ഷ്യം വച്ചത്. ഇന്ന് 217 ഇടവകകളിലായി 2976 കുടുംബകൂട്ടായ്മ യൂണിറ്റുകള്‍ തൃശ്ശൂര്‍ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇയർ പ്ലാൻ ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക